പന്തിന് പകരക്കാരൻ വേണ്ട? സഞ്ജുവിന്റെ മാസ് മറുപടി, കൂട്ടിന് പ്രമുഖരും!

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (16:18 IST)
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ തഴഞ്ഞശേഷം തൊട്ടടുത്തുള്ള മത്സരത്തിനായി ടീമിൽ പോലും ഉൾപ്പെടുത്താത്ത സെലക്ടർമാർക്കെതിരെ പ്രമുഖർ.

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഏകദിന,ടി20 ടീം പ്രഖ്യാപിക്കുമ്പോള്‍ സഞ്ജു സാംസണിന്റെ പേര് മലയാളി ആരാധകര്‍ ഉറപ്പിച്ചിരുന്നു. പക്ഷേ ലിസ്റ്റ് വന്നപ്പോൾ അതിൽ സഞ്ജു ഇല്ല. ടീം ഇന്ത്യയും സെലക്ടർമാരും സഞ്ജുവിനെ പൂർണമായും അവഗണിച്ചിരിക്കുകയാണ്. ഇതിനെ ഒരു പുഞ്ചിരിയിലൂടെയാണ് സഞ്ജു പ്രതികരിച്ചത്. ചിരിച്ചു കൊണ്ടുള്ള ഒരു സ്മൈലി ആണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. തോൽക്കാൻ തയ്യാറല്ല എന്ന് അർത്ഥം. എത്ര അപമാനിച്ചാലും തിരിച്ച് വരുമെന്നുള്ള ഉറപ്പെല്ലാം ആ ഒരു സ്മൈലിയിൽ ഉണ്ട്.

സഞ്ജുവിനെ തഴഞ്ഞതിനെതിരെ എംപിയുമായ ശശി തരൂർ രംഗത്ത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ ചോദിക്കുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. ഇതെന്ത് ന്യായമാണെന്ന് തരൂർ ചോദിക്കുന്നു.

ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുടെ അഭിപ്രായവും മറിച്ചല്ല. ‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കും’ എന്നും ഭോഗ്‌ലെ കുറിച്ചു. പന്തിനു പകരക്കാരനെ തേടേണ്ടെന്നും, പന്ത് തന്നെ മതി എന്നുമാണ് സെലക്ടർമാരുടെ ഉറച്ച തീരുമാനമെന്ന് വ്യക്തം.

പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെതിരെ രംഗത്ത് വന്നു. ‘‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് സെലക്ടർമാർ കരുതുന്നത്?’ - ജോയ് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :